Stories - AR Rahman's Commonwealth Game Theme Song | Funny Review

 
ഓസ്കര്‍ നേടിയ ഇന്ത്യയുടെ അഭിമാനമായ എ.ആര്‍.റഹ്‍മാന്‍ ചിട്ടപ്പെടുത്തിയ കോമണ്‍വെല്‍ത്ത് ഗെയിംസിന്‍റെ തീംസോങ് പോര എന്ന് ഗെയിംസ് എക്സിക്യുട്ടീവ് ബോര്‍ഡ് അംഗം വി.കെ.മല്‍ഹോത്ര തന്നെ പറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ എന്തൊക്കെയാണ് തീം സോങ്ങിന്‍റെ തകരാറുകള്‍ എന്നു കണ്ടെത്താനുള്ള എളിയ ശ്രമമാണ് ഞാന്‍ നടത്തുന്നത്.ആദ്യം തന്നെ ഗാനം റഹ്മാന്‍ അവതരിപ്പിക്കുന്ന വിഡിയോ നമുക്ക് കണ്ടുനോക്കാം. (Watch CWG Theme performance Video


ക്ലാസിക്കല്‍ സംഗീതത്തിന്‍റെ അടിത്തറ റഹ്മാന് വേണ്ടുവോളമുണ്ടോ എന്ന കാര്യത്തില്‍ സംശയം ഉയര്‍ത്തുന്ന ഗാനമാണ് ഓയാരോ.കോറിയോഗ്രഫി തരക്കേടില്ല. റഹ്‍മാന്‍ ഗാനം നന്നായി ആലപിച്ചെങ്കിലും നൃത്തക്കാരുമായി ഇഴുകിച്ചേരുന്നതില്‍ പരാജയപ്പെട്ടു.
 
പാതിയോടെ എത്തുന്ന നര്‍ത്തകിക്ക് ഒരു കമ്പനി കൊടുക്കുന്നതിനു പകരം അവളെ കണ്ടതേയില്ല എന്ന മട്ടില്‍ സൈഡിലേക്കു മാറി നിന്നു പാടുകയാണ്. രണ്ട്, സ്റ്റെപ്പുകള്‍ തന്നെ റഹ്‍മാന്‍ ആവര്‍ത്തിക്കുന്നതാണ് നമുക്ക് കാണാന്‍ സാധിക്കുന്നത്. കോറിയോഗ്രഫി മൊത്തത്തില്‍ നന്നായെങ്കിലും റഹ്‍മാന്‍ ഗാനനത്തിനനുസൃതമായി ചുവടു വയ്‍ക്കുന്നതില്‍ പരാജയപ്പെട്ടു. 


റഹ്മാന്‍റെയും സംഘത്തിന്‍റെയും കോസ്‍റ്റ്യൂമിലും പല പല പ്രശ്നങ്ങളുമുണ്ട്. റഹ്മാന്‍ ഇട്ടിരിക്കുന്ന കറുത്ത കോട്ട് മറ്റാരുടെയോ ആണെന്ന് വ്യക്തമാണ്. അവശ്യത്തിന് ഇറക്കമുള്ള ഒന്ന് സ്വന്തമായി തയ്‍പിച്ചിരുന്നെങ്കില്‍ ഇത് ഒഴിവാക്കാമായിരുന്നു. പിന്നെ, ഗാനത്തില്‍ മാത്രം ശ്രദ്ധിച്ചുകൊണ്ടുള്ള കാലഹരണപ്പെട്ട ആലാപനശൈലിയും റഹ്‍മാനെ ദോഷകരമായി ബാധിച്ചു.
ഗാനത്തെ പറ്റി പറയുമ്പോള്‍ വി.കെ.മല്‍ഹോര്‍ത്ത സോറി മല്‍ഹോത്ര പറയുന്നതുപോലെ സംഗതി അങ്ങു വന്നിട്ടില്ല. ഇത്രയും നാളായി നമ്മള്‍ ചെല്ലും ചെല്വും കൊടുത്ത് വളര്‍ത്തിയ റഹ്‍മാനില്‍ നിന്ന് ഇതൊന്നുമല്ല പ്രതീക്ഷിച്ചത്. 

സര്‍ക്കാരിന്‍റെ സ്വാധീനംകൊണ്ടും മല്‍ഹോര്‍ത്തയുടെയും മറ്റും പ്രഭാവംകൊണ്ടുമൊക്കെയാണ് കഴിഞ്ഞേന്‍റെ മുമ്പത്തെ തവണ ഓസ്കര്‍ ഒരെണ്ണം വെറുതെ കൊടുത്തത്. ഈ പാട്ടെങ്ങാനും ഓസ്കര്‍ കമ്മിറ്റി കേട്ടാല്‍ സര്‍ക്കാരിന്‍റെ പ്രതിച്ഛായയെപ്പോലും അത് ബാധിക്കും. ഗാനം ആലപിച്ചിരിക്കുന്നതും റഹ്‍മാന്‍ തന്നെയായതുകൊണ്ട് ആലാപനത്തെപ്പറ്റിയും പറയേണ്ടതുണ്ട്. ഗാനം ഒന്നു കൂടി കേള്‍ക്കണമെന്നുള്ളവര്‍ക്ക് ഇവിടെ കേള്‍ക്കാം. 

1 - ഓയാരോ.. യേ ഇന്‍ഡിയ എന്നാണ് റഹ്‍മാന്‍ ആലപിക്കുന്നത്. സത്യത്തില്‍ ഇന്ത്യ അല്ലെങ്കില്‍ ഇന്‍ഡ്യ എന്നാണ് ആലപിക്കേണ്ടിയിരുന്നത്. ഇന്‍ഡ്യയെ ഇന്‍ഡിയ ആക്കുന്നത് വിഎസിനെപ്പോലുള്ളവര്‍ ശക്‍-തം, യുക്‍-തം എന്നൊക്കെ പറയുന്നതുപോലെയാണ്. അതുപോലെ തന്നെ അടുത്ത വരിയില്‍ ബുലാ- ലിയാ- എന്നു റഹ്‍മാന്‍ പ്ലെയിന്‍ ആയി പാടുകയാണ്. അങ്ങനെയാര്‍ക്കും പാടാന്‍ പറ്റും. ബുലാ എന്നത് കഴിഞ്ഞിട്ട് സംഗതി വന്നിട്ടില്ല, അതുപോലെ തന്നെ ദിയാ എന്നതു കഴിഞ്ഞിട്ടും. ശരിക്കും ബുലാഅആഅആഅആ…ലിയാഅആഅആഅആ എന്നു പാടേണ്ടിയിരുന്നു. ഇത് റീവര്‍ക്ക് ചെയ്യണമെന്നു മല്‍ഹോര്‍ത്ത പറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ വളരെ പ്രധാനപ്പെട്ട ഈ മാറ്റം കൂടി വരുത്തിയാല്‍ പാട്ടു നന്നാവും.  

2 - മറ്റൊരു പ്രധാന പ്രശ്നം ഗാനത്തിന്‍റെ തുടക്കം മുതല്‍ ശ്രുതിഭംഗം അവസാനം വരെ തുടരുകയാണ്. റഹ്‍മാന്‍ ഒരു ശ്രുതിയില്‍ പാടുമ്പോള്‍ നാലരക്കട്ട താഴെയാണ് കോറസ് പാടുന്നത്. റെക്കോര്‍ഡിങ് സമയത്ത് ശ്രദ്ധിച്ചിരുന്നെങ്കില്‍ ഇത് ഒഴിവാക്കാമായിരുന്നു. അല്ലെങ്കില്‍ ഏത് ശ്രുതിയില്‍ വേണമെങ്കിലും പാടാന്‍ പറ്റുന്ന എം.ജി.ശ്രീകുമാറിനെയോ മറ്റോ ഏല്‍പിച്ചാലും മതിയായിരുന്നു. ശ്രീക്കുട്ടനാകുമ്പോള്‍ ഏതു ഒന്നരക്കട്ടയും എട്ടരക്കട്ടയും ഒരുപോലിരിക്കുമെന്നതിനാല്‍ കോറസിന് ഏതു ശ്രുതിയിലും പാടാം. 

3- ഗാനത്തിന്‍റെ റീ റിക്കോര്‍ഡിങ്ങിലും ഗുരുതരമായ തകരാറുകള്‍ കടന്നുകൂടിയിട്ടുണ്ട്. പ്രധാനമായും ഇലക്ട്രിക് ഗിത്താറിന്‍റെ അധിനിവേശമാണ്. ഗിത്താര്‍ ട്രാക്ക് ആദ്യന്തം ഗാനത്തോടൊപ്പം കിടക്കുകയാണ്. റെക്കോര്‍ഡിങ് നടക്കുന്ന സമയത്ത് ലെവല്‍ കുറച്ചുവയ്‍ക്കാന്‍ റെക്കോര്‍ഡിസ്റ്റ് ശ്രദ്ധിച്ചിരുന്നെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നു. കൊച്ചി റിയാണിലോ മറ്റോ ചെയ്തിരുന്നെങ്കില്‍ നന്നായേനെ. ജാസ് ഡ്രമ്മിന്‍റെ കാര്യവും അങ്ങനെ തന്നെ, പ്രത്യേകിച്ച് ഒരു താളവുമില്ലാതെ അടിച്ചുകൊ്ടിരിക്കുകയാണ്. ഡ്രമ്മര്‍ കള്ളടിച്ചിട്ടാണ് വായിച്ചിരിക്കുന്നതെന്ന് വ്യക്തമാണ്. ചുമ്മാ കയ്യും വീശി അടിച്ചിരിക്കുകയാണ്, കൊള്ളുന്നിടത്തുനിന്നൊക്കെ ശബ്ദവും കേള്‍ക്കുന്നു, അത്രമാത്രം.  

4 - ഹമ്മിങ് ഒരിടത്തും ശരിയായിട്ടില്ല എന്നു പറയുമ്പോള്‍ റഹ്‍മാന് ഫീലടിക്കില്ലെന്നു വിചാരിക്കുന്നു. ക്ലാസിക്കല്‍ മ്യൂസികില്‍ വേണ്ടത്ര അടിത്തറയില്ലാത്തതാണ് റഹ്‍മാന്‍റെ പ്രശ്നം. ഗാനത്തിന്‍റെ ഇടക്കൊക്കെ ഒ-ഒ എന്ന പ്രയോഗത്തില്‍ അത് തെളിഞ്ഞു കാണാം. ഇങ്ങനെയാണോ ഒ-ഒ എന്നു വയ്‍ക്കുന്നത് ? സാധകത്തിന്‍റെ കുറവും നല്ലതുപോലെ അറിയാനുണ്ട്. ഒ-ഒ എന്നത് പന്ത് നിലത്തു തട്ടി തെറിക്കുന്നതുപോലെയാണ് ഇപ്പോള്‍ കിടക്കുന്നത്. പാട്ട് മല്‍ഹോര്‍ത്തയുടെ നേതൃത്വത്തില്‍ റീവര്‍ക്ക് ചെയ്യുമ്പോള്‍ അത് ഒഔഓ-ഒഔഓ എന്നു മാറ്റിയാല്‍ ക്ലാസിക്കല്‍ ടച്ചുണ്ടാവും.  


5 - അതുപോലെ സംഗീതസംവിധായകന്‍ എന്ന നിലയില്‍ റഹ്മാന്‍ ഇതില്‍ ഉപയോഗിച്ചിരിക്കുന്ന ഉപകരണങ്ങളുടെ ലിസ്റ്റ് എടുത്താല്‍ 40-50 വരെ കാണും. എന്തിനാണ് ഇത്രയും ഉപകരണങ്ങള്‍ ? കീബോര്‍ഡും റിഥം കംപോസറും അത്യാവശ്യത്തിന് ഒരു വയലിനും തബലയും മാത്രം വച്ച് ചെയ്യാമായിരുന്ന ഗാനമാണ് ഈ 40-50 ഉപകരണങ്ങള്‍ വച്ച് റഹ്‍മാന്‍ ചെയ്തിരിക്കുന്നത്. കോമണ്‍വെല്‍ത്ത് (പൊതുമുതല്‍)എന്നു കേട്ടതുകൊണ്ട് നടത്തിയ ഒരു ധൂര്‍ത്ത് ആയേ ഇതിനെ കാണാന്‍ പറ്റൂ. ഇതില്‍ 10-15 തരം ഡ്രമ്മുകളും 7-8 ഗിത്താറുകളും സിതാര്‍,വീണ തുടങ്ങിയ പരമ്പാരതഗത ഉപകരണങ്ങളും നാലഞ്ചു കീബോര്‍ഡുകളും ഉപയോഗിച്ചിട്ടുണ്ട്. ഇന്നത്തെ സ്ഥിതിയില്‍ ഇതിനെല്ലാം കൂടി എത്രയാകും വാടക ? അഥവാ ഇതെല്ലാം മറ്റാരെങ്കിലും വാടകയ്‍ക്ക് എടുത്തു കൊടുത്തതാണെങ്കിലും വാടകയ്‍ക്ക് എടുത്തതെല്ലാം ഉപയോഗിക്കണമെന്ന അനാവശ്യമായ വാശി ഉപേക്ഷിക്കാമായിരുന്നു. അല്ലെങ്കില്‍ തന്നെ കീബോര്‍ഡും റിഥം കംപോസറും മാത്രം വച്ച് ഈ പാട്ട് ഇതിനെക്കാള്‍ ഭംഗിയായി അടുത്താഴ്ച മുതല്‍ ഗാനമേളകളില്‍ പാടുന്നത് കേള്‍ക്കാം.
    താനിപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണെന്നാണ് റഹ്‍മാന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. ഇതോടെ റഹ്‍മാന്‍ ഒരു പാഠം പഠിക്കുമെന്നു തന്നെ ഞാന്‍ വിചാരിക്കുന്നു. മന്ത്രിമാരുടെ സജഷന്‍സ് ഒക്കെ നേരത്തെ കേട്ടിരുന്നെങ്കില്‍ പാട്ട് കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്നു തന്നെയാണ് ഞാന്‍ കരുതുന്നത്. എന്തായാലും പറ്റിപ്പോയ അബദ്ധം തിരിച്ചറിഞ്ഞ് സര്‍ക്കാര്‍ മറ്റൊരു തീം സോങ് ഉണ്ടാക്കാന്‍ ഉടന്‍ തന്നെ ജാസി ഗിഫ്‍റ്റിനെയോ മറ്റോ ചുമതലപ്പെടുത്തുമെന്ന് പ്രത്യാശിക്കുന്നു. റഹ്‍മാന്‍ ആറു മാസം കൊണ്ടാണ് ഈ ഗാനമുണ്ടാക്കിയതെങ്കില്‍ ആറു മണിക്കൂറിനുള്ളില്‍ ഇതിനെക്കാള്‍ കിടിലന്‍ ഗാനം ജാസി ഉണ്ടാക്കിത്തരും, നല്ല പാകത്തില്‍, ഹല്ല പിന്നെ !